കൂത്താട്ടുകുളം: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി നാല് പുതിയ റോഡുകൾ നിർമിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം. മന്ത്രി അനൂപ് ജേക്കബ്, നഗരസഭാ ചെയർപേഴ്സൺ റെജി ജോൺ, കൗൺസിലർമാർ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതികൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കൂത്താട്ടുകുളം ടിബി ജംഗ്ഷൻ മുതൽ ഓണംകുന്ന് റോഡ് വരെയുള്ള സർവേ നടപടികൾ പൂർത്തിയാക്കി.
ടൗൺ റിംഗ് റോഡിന്റെ ഭാഗമായി എംസി റോഡിലെ ടി.ബി. കവലയിൽനിന്ന് തുടങ്ങി എംവിഐപി യുടെ സിമന്റ് ഗോഡൗൺ വഴി ഓണംകുന്ന് റോഡിലേക്ക് പ്രവേശിക്കുന്ന വഴി എട്ടു മീറ്റർ വീതിയിൽ ബിഎംബിസി നിലവാരത്തിൽ റോഡ് നിർമിക്കുന്നതിന് ആവശ്യമായ നടപടികളാണ് ആരംഭിച്ചിട്ടുള്ളത്. ഇതിനായി പ്രദേശത്തെ ഒന്പത് സ്ഥലമുടമകളുമായി ചർച്ച നടത്തുകയും സൗജന്യമായി സ്ഥലം വിട്ടു നൽകുകയും ചെയ്തു.
ടി.ബി. കവല മുതൽ ഗോഡൗൺ വരെയുള്ള ഭാഗം പൊതുമരാമത്ത് വകുപ്പ് നേരിട്ടാണ് നിർമിക്കുക. എംസി റോഡിലെ ചോരക്കുഴി പാലം ഭാഗത്തുനിന്ന് തുടങ്ങി പള്ളിത്താഴം, തെക്കേക്കൂറ്റ് പാലം, ശ്രീധരീയം റോഡ്, ജയന്തി റോഡ് വഴി കൂത്താട്ടുകുളം - ഒലിയപ്പുറം റോഡിലെ അശ്വതി കവലയ്ക്ക് സമീപമെത്തി നടക്കാവ് ഹൈവേയിലൂടെ പൈറ്റക്കുളത്ത് കുരിശിനു സമീപം തിരിഞ്ഞ് കുങ്കുമശേരി വഴി എംസി റോഡിൽ എത്തും വിധത്തിലാണ് ബൈപാസ് റോഡ് നിർമിക്കുക.
കൂടാതെ ടൗൺ നടപ്പുറം ബൈപാസിൽനിന്ന് തോട്ടുപുറം, വഴി ജയന്തി റോഡിലേക്ക് പ്രവേശിക്കുന്ന 10 മീറ്റർ വീതിയും 200 മീറ്റർ നീളവുമുള്ള റോഡും, പെൻഷൻ ഭവൻ കേളി റോഡിൽനിന്ന് പൊലിസ് ക്വാർട്ടേഴ്സ് വഴി എംസി റോഡിലെ കോൺഗ്രസ് ഭവന് മുന്നിലെത്തുന്ന റോഡും നഗരസഭയുടെ പരിഗണനയിൽ ഉള്ളതായി നഗരസഭ ചെയർപേഴ്സൺ അറിയിച്ചു. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സ്ഥലമളക്കൽ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ചു.